ഒസാമ ബിൻലാദൻ
ബിൻലാദൻ.....
ഭീകരനാണ്;ഭീകരവാദി അല്ല.....
ആനകളുടെ ബ്ലോഗിൽ ഒരു ഭീകരന് എന്ത് കാര്യം എന്ന് വായിക്കുന്നവർക്ക് തോന്നാം...
കഴിഞ്ഞ രണ്ട് ബ്ലോഗുകളിലായി കേരളത്തിലെ ആനത്തറവാടുകളെ പറ്റി ആണല്ലോ നമ്മൾ പറഞ്ഞത്.എപ്പോളും തറവാടുകളെ പറ്റി മാത്രം പറഞ്ഞാൽ ആർക്കായാലും ഒരു മുഷിപ്പ് തോന്നില്ലേ....ആരാ ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്....
ഇത്തവണ നമുക്ക് ഒരു ആനയെ തന്നെ കാച്ചിക്കളയാം😛
ആനയുടെ പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു ആളുകൾ എങ്കിലും ഞെട്ടാതെ ഇരിക്കില്ല. "ഒസാമ ബിൻലാദൻ"
;ലോകത്തെ ഞെട്ടിച്ച ആ ഭീകരവാദിയും ആനയും തമ്മിൽ എന്ത് ബന്ധം എന്നാവും ആലോചിക്കുന്നത്.കൂടുതൽ വലിച്ചു നീട്ടുന്നില്ല... സസ്പെൻസ് ഇടാതെ പറയാം..
ബിൻ ലാദൻ ഭീകരവാദത്തിലൂടെ ആളുകളെ കാലപുരിക്ക് അയച്ചു;ഒരു കാരണവും കൂടാതെ....മനുഷ്യജീവന് വില കൽപ്പിക്കാതെ പലതും ചെയ്തു കൂട്ടി....
എന്നാൽ നമ്മുടെ നായകൻ;ക്ഷമിക്കണം നമ്മുടെ വില്ലൻ,കാടിറങ്ങി നാട്ടിലുള്ള ജനങ്ങളെ കാലപുരിക്ക് അയച്ചു.ഒന്നോ രണ്ടോ അല്ല ഇരുപത്തിയേഴോളം പേരെ.ക്രൂരതയുടെ തീവ്രത കൊണ്ടാകണം ഈ വില്ലന് ഭീകരവാദി അല്ലങ്കിൽ തീവ്രവാദി ആയ ഒസാമ ബിൻ ലാദന്റെ നാമം നൽകിയത്....
തെക്ക് പടിഞ്ഞാറൻ ആസ്സാമിലെ വനത്തിൽ പിറന്നു ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വൈര്യം കെടുത്തിയ ഒരു ആന.. അതെ..ഒരു ഗ്രാമത്തിലെ ജനങ്ങളെ മുഴുവൻ വിറപ്പിച്ച കൊലയാളി ആന. കൊലയാളി കടുവ,നരഭോജി പുലി എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ട്..ജിം കോർബറ്റിന്റെ(വേട്ടക്കാരന്റെ)കഥ നമ്മുക്കറിയാം.എന്നാൽ ഇത്ര അധികം ആളുകളെ കൊന്ന ഒരു ആനയെ ആർക്കെങ്കിലും അറിയാമോ.. അതിനെ പറ്റി കേട്ടിട്ടുണ്ടോ....
ഒറ്റയാൻ എന്ന് നമ്മൾ കേട്ടിട്ടുണ്ട്.പക്ഷെ,ഇത്ര ഭീകരനായ ഒരു ആനയെ പറ്റി പലർക്കും അറിയില്ലായിരിക്കും.ബിൻ ലാദനെ പറ്റി പറയുമ്പോൾ എടുത്തു പറയേണ്ട ഒരു കാര്യം ഉണ്ട്. ഇപ്പോളത്തെ ബിൻ ലാദൻ(കൃഷ്ണ)അല്ല,2006-ൽ ടെസ്‌പൂർ ഉണ്ടായിരുന്ന ആനയെ പറ്റിയാണ് പറഞ്ഞു വരുന്നത്....
മോഴ ആനകൾക്ക് ശൗര്യവും ദേഷ്യവും കൂടുതൽ ആണെന്ന് പറയുന്നത് വെറുതേ അല്ല.. അതിന്റെ തീവ്രത എത്ര ഉണ്ടെന്ന് കാട്ടി തരുന്നതാണ് ബിൻ ലാദന്റെ ജീവിതം..
ഒരു പത്തടിക്കാരൻ ആന 2004-2006 വരെ നടത്തിയ കൊലപാതകങ്ങളുടെ കഥ.രണ്ട് വർഷത്തോളം ഒരു ഗ്രാമത്തിലെ ആളുകളുടെ ഉറക്കം കളഞ്ഞ ഒരു മോഴ ആനയുടെ കഥ..
2004 ഇൽ ആണ് ആദ്യത്തെ കൊലപാതകം ആന നടത്തുന്നത്.കാടിറങ്ങി നാട്ടിലെ കൃഷിയിടത്തിൽ എത്തിയ അവന്റെ ആദ്യ ഇര ഒരു കർഷകൻ ആയിരുന്നു.പടക്കം പൊട്ടിച്ചു ഓടിക്കാൻ നോക്കിയെങ്കിലും അവൻ പിന്മാറാൻ തയ്യാർ ആയിരുന്നില്ല.കൃഷി നശിപ്പിച്ചു അവൻ അവിടെ മേഞ്ഞു നടന്നു;തിരികെ കാട് കയറുമ്പോഴേക്ക് ഒരു കർഷകന്റെ ജീവൻ കൂടെ അപഹരിച്ചിരുന്നു! എല്ലാവരും അത് ഒരു അവസാനം എന്ന് കരുതി; പക്ഷെ അതൊരു ആരംഭം ആയിരുന്നു.നീണ്ട കൊലപാതകങ്ങളുടെ ആരംഭം.ആദ്യ ആക്രമണം നടത്തുമ്പോ ആനക്ക് ഏകദേശം 45-50 അടുത്ത് പ്രായവും പത്തു അടിക്ക് അടുത്ത ഉയരവും ഉണ്ടായിരുന്നു.അങ്ങനെ കാട് കയറിയ ആവൻ വീണ്ടും തിരിച്ചു വന്നു..വീണ്ടും കൃഷി നാശം ഉണ്ടാക്കുന്നതിനൊപ്പം ഇത്തവണ രണ്ട് ആളുകളുടെ ജീവൻ ആണ് അപഹരിച്ചത്.അവനെ പേടിപ്പെടുത്താൻ പല വഴിയും നോക്കി.തീയെയും പടക്കത്തെയും അവൻ ഭയപ്പെട്ടില്ല.അതൊന്നും അവന് പേടിക്കാൻ മാത്രം ഒന്നും അല്ലെന്ന് അവൻ തെളിയിച്ചു.ആ ഗ്രാമം അവന്റെ സ്വൈരവിഹാര കേന്ദ്രം ആക്കി.ഓരോ മാസവും രണ്ടു പേര് എന്ന നിലയിൽ അവൻ ആളുകളുടെ ജീവൻ എടുക്കാൻ തുടങ്ങി.അവന്റെ കൊലപാതകങ്ങൾ രണ്ടക്കത്തിലേക്ക് കടന്നപ്പോൾ അവനെ കൊലയാളി ആന എന്ന് മുദ്രകുത്തി സർക്കാർ ഉത്തരവു വന്നു.
1992-ൽ ഇതേ സോണിത്പൂരിൽ സമാനമായ ഒരു ഗുണ്ട (കൊലയാളി)ആന ഒരു ദിവസം 12 പേരെ കൊന്നിരുന്നു. അതുകൊണ്ട് തന്നെ സർക്കാരിനെയും വനം വകുപ്പിനേയും സംബന്ധിച്ച് ഇത് ഒരു ഭയപെടുത്തുന്ന കാര്യം തന്നെ ആയിരുന്നു. ഉച്ചത്തിൽ ഉള്ള ശബ്ദങ്ങളോ പടക്കമോ അവനെ ഭയപ്പെടുത്തിയില്ല.അങ്ങനെ ഇരിക്കെ അവൻ തന്റെ അക്രമണ രീതി തന്നെ മാറ്റി; ഗ്രാമത്തിലേക്ക് ഇറങ്ങി ചെന്ന് വീടുകളും കടകളും അവൻ നശിപ്പിക്കാൻ തുടങ്ങി.കൃഷി ഇടങ്ങളിൽ നിന്ന് ഗ്രാമത്തിലേക്ക് ഉള്ള അവന്റെ കടന്നു വരവ് ജനങ്ങളെ നന്നായി ഭയപെടുത്തി.രാവെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ അവൻ ഗ്രാമത്തിൽ വിലസി നടക്കാൻ തുടങ്ങി.ഒലിച്ചു തുടങ്ങിയ ആനയുടെ മദ ജലത്തിന്റെ ഗന്ധം അവിടെയെല്ലാം പകരാൻ തുടങ്ങി.ആ ഗന്ധത്തിന് ചോരയുടെ മണം ഉണ്ടെന്ന് ആളുകൾക്ക് അറിയാമായിരുന്നു.ആനയെ പേടിച്ചു ജനങ്ങൾ പുറത്തു ഇറങ്ങാതെ ആയി.ഓരോ മാസവും അവൻ അവന്റെ അരും കൊല തുടർന്ന് കൊണ്ടിരുന്നു.ഒരു ദിവസം വീടിനു പുറത്തു നിന്ന് കളിച്ചു കൊണ്ടിരുന്ന കുട്ടിക്ക് അവന്റെ ആക്രമണം മൂലം പരിക്ക് ഉണ്ടായി.ജനങ്ങൾ വീട് വിട്ടു പുറത്തു ഇറങ്ങാതെ ആയി.അവൻ മൂലം ഉള്ള നാശനഷ്ടങ്ങൾ കൂടിക്കൊണ്ടേ ഇരുന്നു.അങ്ങനെ ഗ്രാമത്തിൽ ഗ്രാമ മുഖ്യന്റെ നേതൃത്വത്തിൽ ഒരു യോഗം നടക്കുക ആയിരുന്നു;എങ്ങനെ ഇവനെ തുരത്താം എന്നതിനെ പറ്റി ഉള്ള തീരുമാനങ്ങൾ എടുക്കാൻ വേണ്ടി. അവിടെ ജനങ്ങൾ എല്ലാവരും എത്തിച്ചേർന്നു;യോഗം തുടങ്ങി.പെട്ടെന്ന് കൃഷി സ്ഥലത്തു നിന്ന് ഒരു ബഹളം.മദിച്ചു ഉന്മാദൻ ആയി ഒരു അഥിതി അങ്ങോട്ട് എത്തുക ആയിരുന്നു.മദ ജലത്തിന്റെ ഉന്മാദം ജനങ്ങളിൽ ഭീതി ഉണർത്തി. അവർ ഓടുവാൻ തുടങ്ങി.എങ്ങോട്ട് എന്നില്ലാതെ ജീവനും കൊണ്ട് രക്ഷപെടാൻ ശ്രമിച്ചു.പക്ഷെ ഓട്ടത്തിനിടയിൽ ഗ്രാമത്തലവൻ തറയിൽ വീണു പോവുകയും ആനയുടെ മുന്നിൽ പെടുകയും ചെയ്തു.കൊല ചെയ്യുന്നതിൽ ആനന്ദം കണ്ടെത്തിയ അവനു തന്റെ ഇരയെ കിട്ടി.തുമ്പി കൈ കൊണ്ട് ചുഴറ്റി മുൻകാലുകൾ കൊണ്ട് ചവിട്ടി മെതിച്ചു അദ്ദേഹത്തെ അവൻ സ്വതന്ത്രൻ ആക്കി.അവന്റെ ദേഷ്യം തീരുന്നത് വരെ ആ ശരീരത്തെ അവൻ ചവിട്ടി മെതിച്ചു.എന്നിട്ട് തൂക്കി എറിഞ്ഞിട്ടു വീണ്ടും കൃഷി സ്ഥലത്തേക്ക് പോയി.അവിടെ അവന്റെ വിഹാരം ആയിരുന്നു. ആളുകളെ കൊല്ലുന്നത് മാത്രം ആയിരുന്നില്ല അവന്റെ വിനോദം.വളർത്തു മൃഗങ്ങളെ ആക്രമിക്കുക എന്നത്തിലും അവൻ വിനോദം കണ്ടെത്തി. പ്രാർത്ഥനകൾക്ക് ഒന്നും അവന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ കഴിഞ്ഞില്ല. കാട്ടിൽ വിറക് ശേഖരിക്കാൻ പോയ ആളുകളുടെ കൂട്ടത്തിലെ രണ്ടു പേരായിരുന്നു അവന്റ അടുത്ത ഇരകൾ.വിറക് ശേഖരിക്കുന്നതിനടിയിൽ മരങ്ങൾ ഒടിയുന്ന ശബ്ദം കേൾക്കുകയും അത് ലാദൻ ആണെന്ന് മനസ്സിലാക്കി രക്ഷപെടാൻ ശ്രമിക്കുന്നതിനടയിൽ അവനു മുന്നിൽ അകപ്പെടുകയും ചെയ്യുന്നു. പിന്നത്തെ കഥ പറയണ്ടല്ലോ....
അങ്ങനെ 2006 നവംബർ മാസത്തിൽ മാത്രം അവൻ ജീവൻ എടുത്തവരുടെ എണ്ണം 13 ആയി.അതിൽ പിഞ്ചു കുഞ്ഞുങ്ങൾ മുതൽ ഗർഭിണികൾ വരെ ഉണ്ടായിരുന്നു.. കേട്ടാൽ മനസ്സ് മരവിക്കുന്ന ക്രൂരമായ കൊലപാതകങ്ങളുടെ കഥ..
അങ്ങനെ ഇരിക്കെ ഒരു സ്ത്രീ വെള്ളം എടുക്കാൻ പോയിട്ട് വരുന്ന സമയത്തു അവനെ കാണുന്നു.ഓടി രക്ഷ പെടാൻ ശ്രമിച്ചു എങ്കിലും അതിദാരുണം ആയി അവൻ അവളെ ചവിട്ടി അരച്ചു.അങ്ങനെ ആ മാസത്തെ 14 ആമത്തെ കൊല.മൊത്തത്തിൽ 27 ആമത്തെ കൊലപാതകം.നാട്ടുകാരുടെ ജീവന് ഭീഷണി ആവും എന്ന നിലയിൽ എത്തിയപ്പോൾ സർക്കാർ ആനയെ വെടി വച്ചു കൊല്ലാൻ ഉത്തരവിട്ടു.കാരണം,ഓരോ ജനങ്ങളുടെ ജീവനും സ്വത്തിനും സർക്കാർ ഉത്തരം പറയണമല്ലോ.
2006 ഡിസംബർ പകുതിയോടെ വന്ന ഉത്തരവിൽ മാസം അവസാനിക്കുന്നതിന് മുന്നേ അവനെയും അവസാനിപ്പിക്കാൻ തീരുമാനിച്ചു.
ഗുവാഹത്തിയിൽ നിന്ന് 140 കിലോമീറ്റർ (90 മൈൽ) വടക്ക് പടിഞ്ഞാറായി ബെഹാലി എന്ന പട്ടണത്തിനടുത്തുള്ള തേയിലത്തോട്ടത്തിൽ ആനയെ കണ്ടതായി ഡിസംബർ 18 ന് അറിയിപ്പ് കിട്ടി.തോട്ടത്തിന്റെ മൂലയിൽ ആനയെ കുടുക്കാൻ പ്രദേശവാസികൾ ഡ്രമ്മും തീയും ഉപയോഗിച്ചു.വേട്ടക്കാരനായ ദിപൻ ഫുകാനെയെ സമീപിച്ചു;എന്നിരുന്നാലും,എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് ആന തിരിച്ചറിഞ്ഞപ്പോൾ വർധിച്ച ക്രോധത്തോടെ അയാളുടെ നേരെ പാഞ്ഞു ചെല്ലുകയും ചെയ്തു.ആന ആക്രമിക്കാൻ തുടങ്ങിയപ്പോൾ തോക്കിൽ നിന്ന് തിര ഉയരുകയും ലാദന്റെ ശ്വാസം നിലക്കുകയും ചെയ്തു. ഏതൊരു കൊലയാളിയെയും പോലെ ലാദന്റെ ശിക്ഷയും നടപ്പിലാക്കി..
ഒറ്റ വാക്കിൽ പറഞ്ഞാൽ;ചരിഞ്ഞു....
അല്ല;കൊന്നു...
ഏതൊരു കൊലയാളിക്കും അത് മനുഷ്യൻ ആയാലും മൃഗം ആയാലും അവസാനം മരണം ആണ് വിധി എന്നത് ഈ സംഭവം ഓർമ്മിപ്പിക്കുന്നു..
എന്നാൽ വനം വകുപ്പിനും സർക്കാരിനും മറ്റൊരു തലവേദന ഉയർന്നു വന്നു.. കൊല്ലപ്പെട്ടത് ലാദൻ തന്നെ ആണോ എന്ന് സംശയം ഉയർന്നു... കൊല്ലപ്പെട്ട ആനയുടെയും ലാദൻ ആക്രമണം നടത്തിയിരുന്ന പ്രദേശവും തമ്മിൽ ഇത്രയും അകലം വന്നതാണ് സംശയങ്ങൾക്ക് കാരണമായത്...
നിരപരാധിയായ ആനയെ കൊന്നതായി ഫോറസ്ട്രി ഉദ്യോഗസ്ഥർക്കെതിരെ ആരോപണം ഉയർന്നു.. അതേ കൊലയാളി കൂട്ടത്തിലെ മറ്റ് ആനകളുടെ പ്രതികാര ആക്രമണ സാധ്യതയെക്കുറിച്ച് സംരക്ഷണ ഗ്രൂപ്പുകൾക്ക് ആശങ്കയുണ്ടായിരുന്നു..
എന്നാൽ ആ ആരോപണം തെറ്റ് ആയി പിന്നെ തെളിഞ്ഞു.
പല്ലുകൾ ഇല്ലാത്തതും മറ്റു കാരണങ്ങൾ കൊണ്ട് ആണ് ആന ഒരു കൊലയാളി ആയതെന്ന് പിന്നീട് കണ്ടെത്തി. കടുവ,പുലികൾ എന്നിവയെ പോലെ സ്വയം ആഹാരം തേടാൻ ബുദ്ദിമുട്ട് ഉണ്ടാവുകയോ, മനുഷ്യൻ ആക്രമിച്ചു ശരീരത്തിന് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാവുകയോ ചെയ്യുമ്പോൾ ആണ് മൃഗങ്ങൾ കാടിറങ്ങി നാട്ടിൽ ആഹാരം തേടി വരുന്നത്.കാട് മനുഷ്യൻ കയ്യേറ്റം ചെയ്യുന്നതും അവരുടെ ആവാസവ്യവസ്ഥയിൽ കൈ കടത്തുന്നതും ആണ് ഓരോ കൊലയാളി ആനകൾ ഉണ്ടാകുന്നതിനും കാരണം...
പരമ്പരാഗത ആനത്താരകൾ നശിപ്പിക്കുന്നതും,വനം ദുരുപയോഗം ചെയ്യുന്നതും കൊണ്ട് വന്യ ജീവികൾ പുതിയ മേച്ചിൽ പുറങ്ങൾ തേടി നാട്ടിലെക്ക് ഇറങ്ങുന്നു.സൂക്ഷിക്കേണ്ടത് നമ്മൾ ആണ്,നമ്മൾ ആണ് യഥാർത്ഥ കുറ്റക്കാർ.വനം ഇല്ലെങ്കിൽ നാം ഇല്ല എന്ന സത്യം എല്ലാവരും മനസ്സിലാക്കണം.വനങ്ങളെ നശിപ്പിക്കില്ല എന്ന് നമുക്ക് ഒന്നിച്ചു പ്രതിജ്ഞ എടുക്കാം...ഒന്നായി പ്രവർത്തിക്കാം.
Save Forest & Save Elephants(നാട്ടാന കാട്ടാന ഭേദം ഇല്ലാതെ)
പുതിയ ഒരു ആനക്കഥയുമായി ഗജരാജാക്കന്മാർ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതാണ്.
ഗജരാജാക്കന്മാർക്ക് വേണ്ടി,
അഭിജിത്ത് എ പിള്ളൈ
നന്ദി : വിപിൻ രാജ് എസ്
©️All Rights Reserved
This comment has been removed by the author.
ReplyDeleteThe first photo is second Bin laden, not the first one, you can search it in google
ReplyDeleteThis comment has been removed by the author.
ReplyDelete