വാത്തുപറമ്പിൽ ആനത്തറവാട് 1
വാത്തുപറമ്പിൽ ആന തറവാട്
തെക്കിന്റെ തടത്താവിള ആനത്തറവാട്ടിലെ ആന വിശേഷങ്ങൾക്ക് ശേഷം,നമുക്ക് കിഴക്കിന്റെ വെനീസിലേക്ക് പോകാം...
കടലും കായലും ഇടത്തോടുകളും അതിരിട്ടു കിടക്കുന്ന ഹരിതാഭമാർന്ന ആലപ്പുഴ പട്ടണം വിദേശ, ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്.
പുരാതന നിർമ്മിതികളായ നിരവധി പാലങ്ങളുടെ നാടുകൂടിയാണ് ആലപ്പുഴ. കറുത്തകാളിപ്പാലം പോലുള്ള പാളങ്ങൾ കനമേറിയ കരുത്തുറ്റ തടിപ്പലകകൾ പാകിയായിരുന്നു നിർമ്മിച്ചിരുന്നത്. കുറച്ചുകാലങ്ങൾക്ക് മുമ്പ് മാത്രമാണത് ഇന്നത്തെ രീതിയിൽ നവീകരിച്ചത്. ചരിത്രം ഏല്ലാവർക്കും അറിയാവുന്നത് ആണല്ലോ...
നമുക്ക് പുതിയൊരു ആന തറവാടിന്റെ വിശേഷങ്ങളിലേക്ക് കടക്കാം.....
ഇൗ തറവാട് ചേർത്തലയിലാണ്....
ആലപ്പുഴ ജില്ലയിലെ വടക്കേ അറ്റത്തുള്ള ഒരു പട്ടണമാണ് ചേർത്തല. ചേർത്തല താലൂക്കിന്റെ ആസ്ഥാനവുമാണ് ഈ പട്ടണം. ഈ ചേർത്തലയിലെ തന്നെ മാരാരിക്കുളം എന്ന ഗ്രാമത്തിലാണ് നമ്മുടെ വാത്തു പറമ്പിൽ ആന തറവാട്.വാത്തു പറമ്പിൽ ആന തറവാടിനെ പറ്റി പറയുമ്പോൾ മാരാരിക്കുളം ക്ഷേത്രത്തെ പറ്റി പറയാതിരിക്കാൻ പറ്റില്ല;മാരാരിക്കുളം ക്ഷേത്രത്തെപ്പറ്റിയുള്ള ഐതിഹ്യവും നമ്മുക്ക് ഒന്ന് അറിഞ്ഞിരിക്കാം.മാരാരിക്കുളത്തിന് ആ പേര് ലഭിച്ചതിനെ കുറിച്ച് രണ്ടു ഐതിഹ്യങ്ങളാണ് നിലവിലുള്ളത്. പണ്ട് വ്യാപകമായി ഉപയോഗിച്ചിരുന്ന തഴപ്പായ നിർമ്മാണത്തിനാവശ്യമായ കൈതയോലകൾ ശേഖരിക്കാനെത്തിയ ഒരു സ്ത്രീ;കുളക്കടവിൽ കിടന്ന കല്ലിൽ അരിവാൾ തേച്ച് മൂർച്ച കൂട്ടാൻ ശ്രമിച്ചപ്പോൾ കല്ലിൽ നിന്നും രക്തം ഒഴുകിയെന്നും; ആ കല്ല് ശിവലിംഗമായിരുന്നുവെന്നും പറയപ്പെടുന്നു. പിൽക്കാലത്ത് ആ കുളക്കരയിൽ മാരാരി (ശിവലിംഗം) പ്രതിഷ്ഠിക്കപ്പെട്ടുവെന്നും ഈ പ്രദേശം മാരാരിക്കുളം എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി എന്നതുമാണ് ഒന്ന്.മാരാരിക്കുളം ശിവക്ഷേത്രവുമായി ബന്ധപ്പെട്ടു തന്നെ, മാരന്റെ അരിയുടെ കളം (മാരൻ = കാമദേവൻ, അരി = ശത്രു/കൊലയാളി; മാരന്റെ അരി = കാമദേവൻറെ ശത്രു/കൊലയാളി - ശിവൻ; കളം = നാട്) എന്നത് രൂപാന്തരപ്പെട്ട് മാരാരിക്കുളം ഉണ്ടായി എന്ന ഒരഭിപ്രായവും നിലവിലുണ്ട്.
തീരദേശ പ്രദേശമായതിനാൽ തന്നെ വിനോദ സഞ്ചാരത്തിനു പേരു നേടിയ പ്രദേശം ആണു മാരാരിക്കുളം....
ആന തറവാടിനെ പറ്റി പറയുമ്പോൾ എന്തിന് ഈ കണ്ട ചരിത്രപരമായ കാര്യങ്ങളും ഐതിഹ്യങ്ങളും പറയുന്നത് എന്ന് തോന്നുന്നുണ്ടാകും...പൊതുവേ ഇത്തരം കാര്യങ്ങൾ അലോസരപ്പെടുത്തുന്നത് ആണെങ്കിലും,നമ്മൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്.ഒരു പ്രദേശത്തെ തറവാടുകളെ പറ്റി പറയുകയാണെങ്കിൽ ആ പ്രദേശത്തെ ഐതിഹ്യവും തറവാടും ആ പ്രദേശവും തമ്മിൽ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്ന് നമ്മൾ അറിഞ്ഞിരിക്കണം...
മാരാരിക്കുളം ക്ഷേത്രവും അവിടെ വന്ന ആനകളും ആണ് വാത്തുപറമ്പിൽ ആന എത്താനുള്ള ഒരു കാരണം;മറ്റൊന്ന് തൈക്കാട്ടുശ്ശേരി തറേപ്പറമ്പിൽ കുമാരൻ നായർ ആയിരുന്നു.തൈക്കാട്ടുശ്ശേരി തറവാടിനെ പറ്റി ഒരുവിധപ്പെട്ട എല്ലാ ആനപ്രേമികൾക്കും നല്ല രീതിയിൽ അറിയാമായിരിക്കും.വാത്തു പറമ്പിൽ അജയൻ ചേട്ടന്റെ ഏറ്റവും അടുത്ത സുഹൃത്തും ഒരുപക്ഷേ ആശാൻ എന്നുവേണമെങ്കിൽ കുമാരൻനായരേ വിളിക്കാം.. പുള്ളിയോടൊപ്പം നടന്നു ആനകളെയും പൂരങ്ങളും കണ്ടാണ് അജയൻ ചേട്ടന് ആനകളോട് കമ്പവും സ്നേഹവും വളരുന്നത്..
അങ്ങനെയാണ് 1996-ൽ കേളചന്ദ്ര തമ്പി എന്ന ആനയെ ആദ്യമായി പാട്ടം എടുക്കുന്നത്. അങ്ങനെ ആദ്യമായി പാട്ടം മുഖേന ആണെങ്കിലും ഒരു ആന തറവാട്ടിലേക്ക് എത്തി.ഏകദേശം ഒരു വർഷത്തോളം ആനയെ നന്നായി പരിചരിക്കുയും പരിപാടികൾ എടുക്കുകയും ചെയ്തു. അതുകൊണ്ടൊന്നും അവസാനിക്കുന്നത് ആയിരുന്നില്ല അജയൻ ചേട്ടന്റെ ആന പ്രേമം.
അതിനുശേഷം 1997-ൽ ആണ് തൈക്കാട്ടുശ്ശേരി അയ്യപ്പൻകുട്ടി ആനയെ പാട്ടം എടുക്കുന്നത്.അയ്യപ്പനെ അധികമാർക്കും അറിയില്ലെങ്കിലും കേള ചന്ദ്ര തമ്പിയെ ഒരുവിധപ്പെട്ട ആനപ്രേമികൾ ആരും മറക്കാൻ വഴിയില്ലല്ലോ.. പിന്നീട് 1998-ൽ തൈക്കാട്ടുശ്ശേരി അയ്യപ്പൻകുട്ടിയേയും രാംദാസിനെയും(കെ ആർ ശിവപ്രസാദ്) ഒരുമിച്ച് പാട്ടും എടുത്തു.
ആ സമയത്ത് ചേർത്തല ഭാഗത്തെ ഏറ്റവും കൂടുതൽ ആനകളുടെ പരിപാടി തൈക്കാട്ടുശ്ശേരി കുമാരൻ നായർക്ക് ആയിരുന്നു.. കുമാരൻ നായർ വഴി അത് വാത്തു പറമ്പിലേക്കും എത്തി.അന്ന് ചേർത്തല ഭാഗത്ത് ആന ഉണ്ടായിരുന്നത് തൈക്കാട്ടുശ്ശേരിയിലും,വാത്തു പറമ്പിലും, കണ്ണെഴുത്തും,ബൈജു കൈമളിനും, കുളമാക്കിലും, വെള്ളാപ്പള്ളിയിലും ഒക്കെ ആയിരുന്നു....
2000 കാലഘട്ടത്തിലാണ് സ്വന്തമായി ഒരു ആനയെ വാങ്ങണം എന്ന ആഗ്രഹം തോന്നി ഒരു ആനയെ തേടി പോകുന്നത്... എല്ലാത്തിനും അതിന്റെതായ സമയവും കാലവും ഉണ്ടെന്നു പറയുന്നത് വളരെ ശരിയാണ്.അങ്ങനെ മനിശ്ശേരി ഹരിയേട്ടൻ വഴി പൂമുള്ളി മന ഗണേശൻ ആനയെ സ്വന്തമാക്കുന്നു.പൂമുള്ളി മന ഗണേശനെ പറ്റി അധികം കാര്യങ്ങൾ പറയണമെന്നില്ലല്ലോ... ഒറ്റവാക്കിൽ പറഞ്ഞാൽ ആറാംതമ്പുരാന്റെ ആന; അഴകിൽ ആയാലും പ്രൗഡിയിൽ ആയാലും എന്തു കൊണ്ടും യോഗ്യൻ ഒരാന, അന്നത്തെ കാലത്ത് ഇപ്പൊഴത്തെപോലെ ആനകളെ കൊണ്ടുവരാൻ വലിയ രീതിയിൽ ഗതാഗതസൗകര്യങ്ങൾ ഒന്നും ഇല്ലായിരുന്നല്ലോ...അതുകൊണ്ടുതന്നെ ആനയെ തണ്ണീർമുക്കം പ്രദീപ് ചേട്ടനും ചട്ടൻ മോഹനനും ഏകദേശം അഞ്ച് ദിവസങ്ങൾ കൊണ്ട് വഴി അടിച്ചാണ് കൊണ്ടുവന്നിരുന്നത്..ഏകദേശം രണ്ടു കൊല്ലത്തോളം അത്യാവശ്യം പരിപാടിയും കാര്യങ്ങളും ആയി ആന തറവാട്ടിൽ നിന്നു.അതിന് ശേഷം തിരുവനന്തപുരം വേണാട്ടുമറ്റം മില്ലിലേക്ക് കൈമാറ്റം ചെയ്യുകയും അവിടെ വച്ചു ചരിയുകയും ചെയ്തു...
അതേ കൊല്ലം തന്നെയാണ് വേറെ ഒരു ആനക്കായി അന്വേഷണം തുടങ്ങിയത്.അങ്ങനെ തൃശ്ശൂർ പോൾ ടിമ്പേഴ്സിൽ ഒരു ആന നിൽക്കുന്നുണ്ട് എന്ന് അറിയുകയും,പോയി കാണുകയും ചെയ്യുന്നു.. ഗിരീശൻ എന്ന ആ ഒറ്റക്കൊമ്പൻ ആനയെ ലോറിയിൽ നിന്ന് മാരാരിക്കുളം ക്ഷേത്രത്തിനു മുന്നിൽ ഇറക്കുകയും കണ്ണടച്ചു തുറക്കും മുന്നേ ആന കൈവിടുകയും ചെയ്യുന്നു.. മണിക്കൂറുകളുടെ ശ്രമങ്ങൾക്ക് ഒടുവിൽ ആനയെ തളക്കുന്നു..കദളി ബാബു എന്ന ആനക്കാരൻ വന്നു ചുമതല ഏൽക്കുകയും ആനയെ മാന്യമായി പണിയും പരിപാടിയും എടുപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ ആലുവയിൽ വച്ച് വീണ്ടും ഗണേശൻ( ഗിരീശൻ) പണി ഒപ്പിക്കുകയും ആനയെ കിട്ടിയ വിലയ്ക്ക് പാലക്കാട്ടേക്ക് കൈമാറ്റം ചെയ്യുകയുമായിരുന്നു ചെയ്തത്..വെറും നാലു മാസം ആണ് ആന തറവാട്ടിൽ നിന്നത്...
മറ്റൊരു കൗതുകകരമായ വസ്തുത എന്തെന്നാൽ വാത്തു പറമ്പിൽ തറവാട്ടിൽ നിന്നിരുന്ന ഗജവീരന്മാരുടെ എല്ലാം നാമം ഗണേശൻ എന്നായിരുന്നു.ഇതിനു പിന്നിലെ രഹസ്യം വളരെ നിസാരമാണ്;ഗണേശൻ എന്ന പേരിനോടുള്ള ഇഷ്ടം. ആദ്യാവസാനം വരെയുള്ള തറവാട്ടിലെ ആനകളുടെ എല്ലാം നാമം ഗണേശൻ എന്നായിരുന്നതുകൊണ്ടുതന്നെ ആന പ്രേമികളായ പലർക്കും സംശയം ഉണ്ടാവും.ഗണേശൻ എന്ന് പറയുമ്പോൾ ഏത് ഗണേശൻ ആണ് എന്ന് ആർക്കായാലും ഒരു സംശയം ഉണ്ടാവാതിരിക്കില്ലല്ലോ...
അങ്ങനെ 2002-ൽ തന്നെ ഗിരീശനെ കൊടുത്തതിനുശേഷം, മറ്റൊരു ആനയെ അന്വേഷിക്കുകയും തൃശ്ശൂർ ലക്ഷ്മി മില്ലിൽ ഒരു ഒന്നര കൊമ്പൻ നിൽക്കുന്നുണ്ട് എന്ന് അറിയുകയും ചെയ്യുന്നു..ലക്ഷ്മി മിൽ കുട്ടികൃഷ്ണൻ എന്നായിരുന്നു ആ ആനയുടെ പേര്. കാഴ്ചയിൽ തന്നെ സുന്ദരനായ ഒരു ആന.. കുട്ടികൃഷ്ണനെ പറ്റി പറയുകയാണെങ്കിൽ എല്ലാവരുടെയും,പ്രത്യേകിച്ച് തൃശൂർ കാരുടെ പ്രിയപ്പെട്ടവനും സ്വകാര്യ അഹങ്കാരവും ആയിരുന്ന ചെമ്പൂത്ര ദേവീദാസനെ പറ്റി പറയാതിരിക്കാൻ പറ്റില്ല.കുട്ടികൃഷ്ണനും ദേവി ദാസനും ഒറ്റ വണ്ടിയിൽ ബീഹാറിൽ നിന്ന് വന്ന ആനകളാണ്...
(കുളമാക്കിൽ ഗണേശൻ)
തുടരും.....
ഗജരാജാക്കന്മാർക്ക് വേണ്ടി,
അഭിജിത്ത് എ പിള്ള
💕💕👍
ReplyDelete♥️
ReplyDelete