തടത്താവിള ആനത്തറവാട്, ഭാഗം-3
ഭാഗം 3..
അഞ്ചു വർഷങ്ങൾക്കിടയിൽ;ഏകദേശം 1995 മുതൽ 2000 വരെ,സുരേഷിൽ തുടങ്ങി
മണികണ്ഠൻ വരെ അഞ്ചോളം ആനകൾ തറവാടിനെ പ്രതിനിധീകരിച്ചു.ഈ കാലത്ത് തന്നെ തമിഴ്നാട്ടിലെ പള്ളിയിൽനിന്ന് ഭാസ്കർ ആന( ഇന്നത്തെ ചെർപ്പുളശ്ശേരി നീലകണ്ഠൻ) സ്ഥിരമായി എഴുന്നള്ളിപ്പിനായി ഇവിടേക്ക് എത്താറുണ്ടായിരുന്നു.ഏകദേശം രണ്ടു വർഷത്തോളം ആന പരിപാടിക്ക് വരികയും അടുത്ത വർഷം അയിരൂർ പ്രകാശ് അണ്ണൻ ആനയെ സ്വന്തം ആക്കുകയും ചെയ്യുന്നു
2000 കാലയളവിൽ വീണ്ടും ഒരു കുട്ടിയാന കൂടി വേണമെന്നുള്ള തീരുമാനത്തിൽ അന്വേഷണം ആരംഭിച്ചു.അങ്ങനെ കോട്ടയത്തുനിന്ന് ഒരു കൊമ്പനെ ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്യുന്നു.. മോഹൻസിങ് എന്ന ആനക്കുട്ടി തടത്താവിളയിൽ എത്തിയപ്പോൾ മോൻസി ആയി....ഇന്നത്തെ ആറ്റിങ്ങൽ കാളിദാസൻ...
ഏകദേശം ഒരു കൊല്ലത്തോളം ആനക്കുട്ടി തടത്താവിള തറവാട്ടിൽ ഉണ്ടായിരുന്നു. അതിനുശേഷം ആറ്റിങ്ങൽ അമ്പലത്തിലേക്ക് ആനയെ വാങ്ങി കൊണ്ടു പോവുകയായിരുന്നു.
(ആറ്റിങ്ങൽ കാളിദാസൻ)
2001-ൽ തൃശ്ശൂരിലേക്ക് ഒരു ആനയെ കാണാൻ പോവുകയുണ്ടായി.. ആ വഴിക്കാണ് ചുള്ളിപ്പറമ്പിൽ തറവാട്ടിലേക്ക് എത്തുന്നതും അവിടെ ഉണ്ടായിരുന്ന ഒരു ആനയെ ശ്രദ്ധിക്കുന്നതും.. ആനയെ വിൽക്കുന്നുണ്ടെന്ന് മനസ്സിലാക്കുകയും; നല്ല വില ഒത്തു വന്നപ്പോൾ വാങ്ങുകയും ചെയ്തു.ശരിക്കും പറഞ്ഞാൽ ആ ആനയെ വാങ്ങാൻ ആയിരുന്നില്ല തൃശ്ശൂരിലേക്ക് പോയത്.അങ്ങനെ ചുള്ളിപ്പറമ്പിൽ ശ്യാം എന്ന ആനയെ തടത്താവിള ശ്യാം എന്ന പേരിൽ നാമകരണം ചെയ്യപ്പെട്ടു.അധികകാലം തറവാട്ടിൽ നിൽക്കാതെ,ആനയെ കോട്ടുവൻകോണത്തേക്ക് കൈമാറുകയും ചെയ്തു( നിലവിലെ വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ എന്ന മോഴയാന ആയിരുന്നു ശ്യാം)
(വേണാട്ടുമറ്റം ഉണ്ണിക്കുട്ടൻ)
2000 കാലഘട്ടത്തിലാണ് കേരളത്തിലേക്ക് ആസാം ആനകളുടെ കടന്നുവരവ് കൂടിയത്. അതിന് കുറച്ച് കാരണങ്ങളുമുണ്ടായിരുന്നു.അതിൽ ഒന്ന് ബീഹാർ ആനകളുടെ വില കുതിച്ചുയരുകയും;ആസാം ആനകളെ കൈയിലൊതുങ്ങുന്ന വിലയ്ക്ക് കിട്ടുകയും ചെയ്തിരുന്നു എന്നതാണ്.ആസാമിൽ ആനകളെ കൂടുതലായി ഉപയോഗിച്ചിരുന്നത് തടി പണിക്കായിരുന്നു.അവിടെ കൂപ്പുകൾ (തടി കച്ചവടവും പണിയും നടക്കുന്ന സ്ഥലം) കുറഞ്ഞതോടു കൂടി ആനകളെ കിട്ടുന്ന വിലക്ക് അവർ കച്ചവടം ചെയ്യാൻ തുടങ്ങി.അങ്ങനെ ആണ് കേരളത്തിലേക്ക് ആസ്സാം ആനകളുടെ വരവ് തുടങ്ങിയത്.....
ആസാം-അരുണാചൽ ആനകളെ പറ്റി പറയുമ്പോൾ നമ്മുടെ മനസ്സിൽ വരുന്നത് പുതുപ്പള്ളി ആന തറവാട് ആയിരിക്കും. അങ്ങനെയാണ് പുതുപ്പള്ളി പോത്തൻ വർഗീസ് അച്ചായനെ കാണുന്നതും,ആനകൾ വല്ലതും ഉണ്ടോ എന്ന് ആരായുന്നതും..അദ്ദേഹം അവിടെ ഒരു ആനയെ വാങ്ങി നിർത്തിയിരിക്കുകയാണെന്നും നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ എത്തിച്ചു തരാമെന്ന് അറിയിക്കുകയും ചെയ്തു. അന്നൊന്നും ഇന്നത്തെപ്പോലെ വീഡിയോകളും മറ്റു സോഷ്യൽ മീഡിയ ഉപാധികളും ഒന്നും തന്നെ ഇല്ലായിരുന്നല്ലോ.അങ്ങനെ അദ്ദേഹം ആനയുടെ ഫോട്ടോ കാണിക്കുകയും,ഒറ്റ നോട്ടത്തിൽ തന്നെ ഇഷ്ടപ്പെടുകയും ചെയ്തു.അങ്ങനെ ആനയെ കൊണ്ടുവരാൻ ആവശ്യപ്പെടുന്നു.അന്ന് ഒരു വണ്ടിയിൽ രണ്ട് ആനകളെ ആയിരുന്നു കൊണ്ടുവന്നിരുന്നത്.മുന്നോട്ടും പിന്നോട്ടും തിരിച്ചു നിർത്തിയായിരുന്നു 2 ആനകളെ കൊണ്ടുവന്നിരുന്നത്.അതിനു കാരണവുമുണ്ടായിരുന്നു,വണ്ടിക്കൂലി ലാഭം;ഒറ്റ വണ്ടിയിൽ തന്നെ രണ്ട് ആനകളെയും എത്തിക്കുകയും ചെയ്യാം....!
അങ്ങനെ ആനയെ തടത്താവിള തറവാട്ടിലേക്ക് എത്തിക്കുന്നു.അന്ന് ആ ആനയോടൊപ്പം മറ്റൊരു കുട്ടിയാന കൂടി ഉണ്ടായിരുന്നു.തടത്താവിള തറവാട്ടിലേക്ക് ആവശ്യപ്പെട്ടിരുന്ന ആനയെ കുട്ടികൃഷ്ണൻ എന്ന നാമകരണം ചെയ്തു( ഇന്നത്തെ തൂഫാൻ ശ്രീക്കുട്ടൻ).എന്നാൽ കുട്ടികൃഷ്ണൻ ആനയ്ക്ക് പുറമേ ആ കുട്ടിയാനയെ അവർക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ടു..ആനയെ സ്വന്തമാക്കുകയും ചെയ്തു.ആ കുട്ടി കുറുമ്പനാണ് ഇന്നത്തെ ശിവൻകുട്ടി..!
(തൂഫാൻ ശ്രീക്കുട്ടൻ)
അതിനുശേഷം പ്രസാദ് ആനയെയും വാങ്ങുന്നു. പുതുപ്പള്ളിയിൽ നിന്ന് തന്നെയാണ് പ്രസാദിനെയും വാങ്ങുന്നത്...കേരളത്തിൽ എത്തിയതിനുശേഷമാണ് പ്രസാദിനെ സ്വന്തമാക്കുന്നത്.തറവാട്ടിലെ ആനകളുടെ എണ്ണം പത്തോളം ആയി.അങ്ങനെ 10 ആനകൾ തടത്താവിള തറവാട്ടിന്റെ അഭിമാനം ആയി നിന്നു..
2002-ൽ കുട്ടിക്കൃഷ്ണനെ പുത്തൻകുളം ഷാജി ചേട്ടൻ വാങ്ങുന്നു.
2003-ൽ ഓടനാവട്ടംകാർക്ക് വേണ്ടി കൊണ്ട് വന്ന ബാബുറാം എന്ന ആനയെ(നെടുമൺകാവ് മണികണ്ഠൻ) സ്വന്തമാക്കുന്നു.ആനയ്ക്ക് നല്ല പേടി ഉള്ളതുകൊണ്ട് ഓടനാവട്ടംകാർക്ക് ആനയെ വേണ്ട എന്നു പറയുകയും ആനയെ തടത്താവിള തറവാട്ടുകാർ സ്വന്തമാക്കുകയും ചെയ്യുന്നു. ഏകദേശം 2005 വരെ ബാബുറാം തറവാട്ടിൽ ഉണ്ടായിരുന്നു.
(നെടുമൺകാവ് മണികണ്ഠൻ)
2003 തന്നെയാണ് ബാബു (കൊളക്കാടൻ ഗണപതി) തറവാട്ടിലേക്ക് എത്തുന്നത്..വെള്ളിമൺ ഓമന കുട്ടൻ പിള്ള ചേട്ടന്റെ കയ്യിൽ നിന്നാണ് ആസാം ആനയായ ബാബുവിനെ വാങ്ങുന്നത്.ഓമനക്കുട്ടൻ പിള്ളച്ചേട്ടൻ ആനയെ കൊണ്ടുവന്നു ദിവസങ്ങൾക്കുള്ളിൽ തടത്താവിളക്കാർ ആനയെ സ്വന്തമാക്കുകയായിരുന്നു.അന്ന് ബാബുവിനു രണ്ട് കൊമ്പും ഉണ്ടായിരുന്നു.സ്വതവേ സൗമ്യ ശീലനായിരുന്നു ആന.നല്ല അഴകും ഉണ്ടായിരുന്നു. ബാബുറാമിനെ വിറ്റ കൊല്ലം തന്നെ ബാബുവും കച്ചവടം ആയി.കോട്ടയം ഭാഗത്തേക്ക് ആയിരുന്നു ആനയെ കൊടുത്തത്.ഈ കാലഘട്ടത്തിൽ വന്ന ആനകളെ എല്ലാം ഒന്നു രണ്ടു വർഷങ്ങൾ തറവാട്ടിൽ നിർത്തിയ ശേഷം ആയിരുന്നു കൈമാറ്റം ചെയ്തിരുന്നത്.അങ്ങനെ കൊടുക്കാനും കാരണമുണ്ടായിരുന്നു.ആ കാലഘട്ടത്തിൽ ഒരുപാട് ആനകൾ വരികയും കൈമാറുകയും ചെയ്തിരുന്നു.ഇന്നത്തെ പോലെ,ആനകളെ കൊണ്ടുവരാൻ അന്ന് യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.അതുകൊണ്ടുതന്നെ ആനകളെ ആരെങ്കിലും ആവശ്യപ്പെട്ടാൽ നല്ല വില കിട്ടുകയാണെങ്കിൽ കൊടുക്കുക തന്നെ ചെയ്യുമായിരുന്നു.
തടത്താവിള ബാബു
(കൊളക്കാടൻ ഗണപതി)
2004-ലാണ് ബാബുലാൽ ആനയേ ആസാമിൽ നിന്ന് ഓമനക്കുട്ടൻ പിള്ളച്ചേട്ടൻ കൊണ്ടുവരുന്നത്.ആന കൂടുതലും കൂപ്പു പണികളിലും മറ്റുമായിരുന്നു.അങ്ങനെയിരിക്കെ ചികിത്സയ്ക്കായി ആനയെ തറവാട്ടിലേക്ക് കൊണ്ടുവരികയും തറവാട്ടിൽ ഉള്ളവർക്ക് ആനയെ ഇഷ്ടപ്പെടുകയും ചെയ്തു.അങ്ങനെ വീണ്ടുമൊരു ആന തറവാട്ടിലേക്ക് എത്തുകയായിരുന്നു. പേരുമാറ്റാൻ ഒന്നും നിന്നില്ല;ബാബുലാൽ എന്ന പേരിൽ തന്നെ ആന നിന്നു(ചിറ്റിലപ്പള്ളി ഗണേശൻ). ആനയെ ഏകദേശം രണ്ടു വർഷത്തിനു ശേഷം 2006-ൽ ചൂണ്ടൽ തിരുമേനിക്ക് കൊടുക്കുകയായിരുന്നു.
(ചിറ്റിലപ്പള്ളി ഗണേശൻ)
2005-ൽ വീണ്ടുമൊരു ആനക്കായുള്ള ഓട്ടത്തിനിടയിൽ കേരളപുരം മനോഹരൻ ചേട്ടന്റെ കയ്യിൽ ഒരു ആന നിൽപ്പുണ്ട് എന്ന് അറിയുകയും ആനയെ കാണുവാനായി പോവുകയും ചെയ്യുന്നു. ഒറ്റനോട്ടത്തിൽ ആനകുട്ടിയെ ഇഷ്ടപ്പെടുകയും സ്വന്തമാക്കുകയും ചെയ്തു.അന്നേ ഓട്ടവും ചാട്ടവും ഒക്കെ ആയിരുന്ന ആനക്കുട്ടിയെ കുറച്ചു നാളുകൾക്കു ശേഷം,ഏകദേശം ആറുമാസത്തോളം നിന്നതിനുശേഷം ചിറക്കൽ മധു ചേട്ടൻ വാങ്ങിക്കൊണ്ടു പോവുകയും ചെയ്യുന്നു( ഇന്നത്തെ കൂടൽമാണിക്യം മേഘാർജ്ജുനൻ).
(കൂടൽമാണിക്യം മേഘാർജ്ജുനൻ)
2008-ൽ ആണ് മൂവാറ്റുപുഴ പ്ലാത്തോട്ടം ആൽബിയുടെ പക്കൽ ഒരു ആനയുണ്ട് എന്ന് അറിയുന്നതും പോയി കാണുന്നതും. മുൻപ് മൗട്ടത്ത് നിൽക്കുമ്പോൾ ആന തടത്താവിള തറവാട്ടിൽ സ്ഥിരം ഉത്സവങ്ങൾക്കായി എത്തുമായിരുന്നു.ആ നാടൻ ആനയെ ഇഷ്ടപ്പെടുകയും സ്വന്തമാക്കുകയും ചെയ്തു.ഏകദേശം എട്ടു വർഷത്തോളം ആന തറവാട്ടിൽ നിന്നു. തടത്താവിളയിൽ എത്തിയപ്പോഴും ആന ഗോപാലൻകുട്ടി എന്ന പേരിൽ തന്നെ തുടരുകയും ചെയ്തു.
(ചെമ്മണ്ണൂർ സൂര്യനാരായണൻ)
ആ വർഷം തന്നെയാണ് അയ്യപ്പൻ ആനയെ (ചക്കിട്ടയിൽ അയ്യപ്പൻ )ഓമന കുട്ടൻ പിള്ള ചേട്ടന്റെ കയ്യിൽ നിന്ന് വാങ്ങുന്നത്.ബീഹാർ ആനയായിരുന്നു..അതും ഏകദേശം വന്ന സമയം തന്നെ ആയിരുന്നു എടുത്തിരുന്നത്. അയ്യപ്പനും ഒരു കൊല്ലത്തോളം തറവാട്ടിൽ നിൽക്കുകയും ചക്കിട്ടയിൽ മില്ലുകാർക്ക് കൈമാറുകയും ചെയ്തു.
(ചക്കിട്ടയിൽ അയ്യപ്പൻ)
വർഷങ്ങൾക്കുശേഷം ഗോപാലൻ കുട്ടിയെ കൊടുക്കുകയും പകരം ഗണപതിയെ (കുന്നംകുളം കണ്ണൻ) എടുക്കുകയും ചെയ്തു.കേരളത്തിൽ രണ്ടാമതായി ചെരിപ്പിട്ട ആന ആയിരുന്നു ഗണപതി(ആദ്യത്തേത് നെയ്യാറ്റിൻകര ഗണേശൻ).ഗണേശന് ചെരുപ്പ് നിർമ്മിച്ച അതേ വ്യക്തിയായിരുന്നു ഗണപതിക്കും നിർമ്മിച്ചിരുന്നത്..അത് പത്രങ്ങളിലൊക്കെ വലിയ വാർത്തയായിരുന്നു! രണ്ട് കൊല്ലങ്ങൾക്കു ശേഷം വീണ്ടുമൊരു മാറ്റ കൈ മാറ്റത്തിലൂടെ ഗണപതിയെകൊടുത്തു ഗോപാലൻകുട്ടിയെ എടുക്കുന്നു.ആ സമയമാണ് പ്രസാദിനെ ഓമല്ലൂർ ഉണ്ണി ചേട്ടൻ സ്വന്തമാക്കുന്നത്, 2018 വീണ്ടും ഗോപാലൻ കുട്ടിയെ കുന്നംകുളം ഭാഗത്തേക്ക് കച്ചവടം ചെയ്യുന്നു..
തടത്താവിള ഗണപതി
(കുന്നംകുളം കണ്ണൻ)
ഏകദേശം ഇരുപതു ഇരുപത്തിയഞ്ചോളം ആനകൾ നിന്നിരുന്ന തറവാട്ടിൽ ഇന്ന് സുരേഷ് എന്ന ഗജ കാരണവരുടെ നേതൃത്വത്തിൽ രാജശേഖരൻ, മണികണ്ഠൻ, ശിവൻകുട്ടി എന്നീ മൂന്നു കൊമ്പന്മാർ തറവാടിന്റെ അഭിമാനമായി നിൽക്കുന്നു. ആനകളെ എങ്ങനെ സംരക്ഷിച്ച് സ്നേഹിച്ചു വളർത്താം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് തടത്താവിള തറവാട്..ആന പ്രേമമാണ് ഒരു ആനയെ സ്വന്തമായി വാങ്ങാൻ പ്രേരിപ്പിക്കുന്നത് എന്നതിന് ഉദാഹരണമാണ് തടത്താവിള തറവാട്..
ആന വിശേഷങ്ങളും ആന കഥകളും ഇവിടെ അവസാനിക്കുന്നില്ല....ഇതൊരു തുടക്കം മാത്രമാണ്....
പല ആന തറവാടുകളിലൂടെ ഒരു ആനപ്രേമിയുടെ യാത്ര.. അറിയുന്നതും അറിയാത്തതുമായ ഒരുപാട് കാര്യങ്ങൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം... എല്ലാവരുടെയും സഹകരണവും സപ്പോർട്ടും പ്രതീക്ഷിക്കുന്നു...
പുതിയൊരു ആന തറവാടുമായി വീണ്ടും ഗജ രാജാക്കന്മാർ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതായിരിക്കും...പുതിയ വിശേഷങ്ങൾക്കും ആന കഥകൾക്കും ആയി, നിങ്ങളേവരും കാത്തിരിക്കും എന്ന പ്രതീക്ഷയോടെ....
ഗജരാജാക്കന്മാർക്ക് വേണ്ടി
നിങ്ങളുടെ സ്വന്തം: അഭിജിത്ത് എ പിള്ളൈ
കടപ്പാട്,സമ്പാദനം : വിഷ്ണു രമേശ് തടത്താവിള
നന്ദി : വിപിൻ രാജ് എസ്
Comments
Post a Comment