വാത്തുപറമ്പിൽ ആനത്തറവാട് -2

ഭാഗം 2...

ങ്ങനെ ഗണേശനെ തറവാട്ടിലേക്ക് കൊണ്ടുവരുന്നു.അന്നു ആനക്ക്  ഒന്നര കൊമ്പ് ഉണ്ടായിരുന്ന കഥ നമ്മൾ കഴിഞ്ഞ ഭാഗത്ത് പറഞ്ഞിരുന്നല്ലോ. ഗണേശനെ കുറിച്ച് കൂടുതലായി ഒന്നും പറയേണ്ട കാര്യമില്ലല്ലോ; ഇരുമുഖൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇപ്പോഴത്തെ കുളമാക്കിൽ ഗണേശൻ, ഗണേശനെ  പ്രതാപൻ ചേട്ടൻ  ആയിരുന്നു ആദ്യമായി കൈകാര്യം ചെയ്തിരുന്നത്.ആന അത്യാവശ്യം നല്ല രീതിയിൽ പരിപാടിയും പണിയും ഒക്കെ എടുത്തു, അങ്ങനെ ഒന്നര കൊമ്പന് ഒരു കൊമ്പ് വെക്കണം എന്ന ആഗ്രഹം വാത്തു പറമ്പിൽ അജയൻ ചേട്ടനുണ്ടായി.അങ്ങനെ ആദ്യമായി ആനയ്ക്ക് ഫൈബർ കൊമ്പ് ഉണ്ടാക്കി..
ഗണേശനു കൊമ്പ് ഉണ്ടാക്കിയ വ്യക്തിയാണ് ഇന്ന് കേരളത്തിൽ പല പ്രമുഖ ആനകൾക്കും കൊമ്പ് ഉണ്ടാക്കുന്നത്.അദ്ദേഹം ആദ്യമായി ഒരു ഫൈബർ കൊമ്പ് നിർമ്മിച്ചത് ഗണേശനു  ആയിരുന്നു. 
   ഒരുപാട് നല്ല തൊഴിലുകാർ ഇതിനിടയിൽ ഗണേശന് വന്നുപോയി..അരൂർ ബിനു ചേട്ടൻ, നവീൻ ചേട്ടൻ, ചട്ടൻ  മോഹനൻ, മാമ്പി, അരുൺ, പ്രതാപൻ ചേട്ടൻ അങ്ങനെ ഒരുപാട് നല്ല തൊഴിലുകാർ  ആനയിൽ ഉണ്ടായിരുന്നു. അരൂർ ബിനു ചേട്ടൻ നിൽക്കുമ്പോൾ ഒരു രസകരമായ സംഭവം ഉണ്ടായി..അതൊരു ചരിത്രം തന്നെ ആയിരുന്നു...
                              ഗണേശൻ

   ഒരു ദിവസം എഴുന്നള്ളിപ്പിന് ഇടയിൽ അരൂർ ബിനു ചേട്ടൻ മദ്യപിച്ച് ലേശം ഓവർ ആയിപ്പോയി. എന്നാൽ തലേക്കെട്ട് കെട്ടി നിൽക്കുന്ന ആനയെ പരിപാടി എടുപ്പിക്കണമല്ലോ പക്കാ ഒറ്റച്ചട്ടം ആയിരുന്ന ഗണേശനെ രണ്ടാമന് കൈകാര്യം ചെയ്യാനും പറ്റില്ലായിരുന്നു.എന്നാൽ ഒന്നാമനോട്‌ അതീവ കൂറും സ്നേഹവും ഉണ്ടായിരുന്ന ആനയ്ക്ക് ഒന്നാമനെ ഒഴിവാക്കാൻ പറ്റില്ലായിരുന്നു.. ആ സമയത്ത് ബിനു ചേട്ടന്റെ കൂടെ രണ്ടാമനായി അരുൺ ചേട്ടൻ  ആയിരുന്നു;രണ്ടും കൽപ്പിച്ച് അരുൺ ചേട്ടനോട്  എഴുന്നള്ളിക്കാമോ എന്ന് ചോദിക്കുകയും;ബിനു ചേട്ടനെ ആന കാണുന്ന രീതിയിൽ നിർത്തിക്കൊണ്ട് അരുൺ ചേട്ടൻ ആനയെ എഴുന്നള്ളിക്കുകയും ശീവേലി എടുക്കുകയും ചെയ്തു.ഇത് പോലെ മാമ്പിയും ആനയെ എഴുന്നള്ളിചിട്ടുണ്ട്.ഒറ്റവാക്കിൽ പറഞ്ഞാൽ ഗണേശനാനയുടെ ചരിത്രത്തിൽ പുതിയൊരു അദ്ധ്യായം തന്നെയായിരുന്നു  രണ്ടാം  ആനക്കാരൻ ആനയെ എഴുന്നള്ളിച്ചത്.
  ചമ്മനാട് അമ്പലത്തിൽ വെച്ച് ആയിരുന്നു ഈ സംഭവം നടന്നത്.ഏകദേശം 2006 വരെ ആന തറവാട്ടിൽ നിന്നു..അതിനുശേഷം ആനയുടെ സ്വഭാവത്തിൽ വന്ന ചില മാറ്റങ്ങൾ കൊണ്ട് ആനയെ  അയിരൂർ പ്രകാശൻ ചേട്ടന് കൊടുത്തു മറ്റൊരു ആനയെ വാങ്ങി.അന്നത്തെ 8.5 ലക്ഷം രൂപയ്ക്കായിരുന്നു ആനയും കൊടുത്തത്, വായിക്കുമ്പോൾ ആരും ചിരിക്കേണ്ട അന്ന് അത് വലിയൊരു തുകയായിരുന്നു,ആനകളെ സംബന്ധിച്ച് ഇന്നത്തെ പോലെ വിലയും ഇല്ലായിരുന്നു. 
2006-ൽ മയ്യനാട് ശ്രീലാലിന്റെ പാർത്ഥനെ(റീഗൽ ശംഭു ) ആയിരുന്നു അടുത്തതായി തറവാട്ടിലേക്ക് വാങ്ങിയത്.പതിവുപോലെ പുതിയതായി വന്ന ആനയ്ക്കും ഗണേശൻ എന്ന പേര് തന്നെ നൽകി. അതിൽ അതിശയോക്തി ഒന്നുമില്ലല്ലോ, അതിനെപ്പറ്റി നമ്മൾ കഴിഞ്ഞ ഭാഗത്ത് പറയുകയും ചെയ്തിരുന്നല്ലോ..അങ്ങനെ മയ്യനാട് പാർത്ഥൻ വാത്തു പറമ്പിൽ ഗണേശൻ ആയി.വളരെയേറെ മുറിവും കാര്യങ്ങളും ആയി വന്ന ആനയെ നവീൻ ചേട്ടൻ നന്നായി പരിചരിച്ചു;മുറിവുണക്കി.വീട്ടിൽ എത്തിയത് മുതൽ നല്ല ഐശ്വര്യം കാണാൻ തുടങ്ങി,എന്തുകൊണ്ടും നല്ല ഐശ്വര്യമുള്ള ഒരു ആനയായിരുന്നു. തറവാട്ടിലെ ആൾ ഇൻ ആൾ തൊഴിൽകാരൻ അല്ലെങ്കിൽ തറവാട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു നവീൻ ചേട്ടൻ. ആനയെ നവീൻ ചേട്ടൻ അഴിച്ചാൽ പിന്നെ ആനയുടെ കാര്യങ്ങൾ മുഴുവനും നവീൻ ചേട്ടൻ തന്നെ നോക്കുമായിരുന്നു.തിരുവിതാംകൂർ ദേവസ്വത്തിൽ ജോലി കിട്ടുന്നതുവരെ നവീൻ ചേട്ടൻ തറവാട്ടിൽ ഉണ്ടായിരുന്നു.ആനയെ നവീൻ ചേട്ടൻ അഴിച്ചു കഴിഞ്ഞാൽ പിന്നെ അജയൻ ചേട്ടന് ഒന്നും അറിയണ്ട എല്ലാം നവീൻ ചേട്ടൻ നോക്കിക്കോളും;ആ ബന്ധം ആന ഇല്ലെങ്കിലും ഇന്നും നന്നായി പോകുന്നു,ഒരു ആനക്കാരൻ എന്നതിന് ഉപരി നല്ല ഒരു മനസ്സിന്റെ ഉടമ ആയതു കൊണ്ട് ആണ് നവീൻ ചേട്ടനെ എല്ലാവരും ഇഷ്ടപ്പെടുന്നത്.അത് കൊണ്ട് തന്നെ തറവാട്ടിലെ ഒരു അംഗത്തെ പോലെ ആയിരുന്നു നവീൻ ചേട്ടൻ.
                ശംഭുവും നവീൻ ചേട്ടനും

‌                        ശംഭു ആനയെ പറ്റി പറയുകയാണെങ്കിൽ കേരളത്തിൽ ആദ്യമായി റൈഡിങ്ങിന് ഉപയോഗിച്ച ആന എന്ന് പറയാം. അതെ,കേരളത്തിലെ ആദ്യത്തെ റൈഡിങ്  സെന്റർ ആയ കാർമൽഗിരി റൈഡിങ് സെന്റർ മൂന്നാർ മാനുവൽ ചേട്ടനും(പോലീസുകാരന്റെ റൈഡിങ് സെന്റർ)വാത്തുപറമ്പിൽ അജയൻ ചേട്ടനും ആണ് തുടങ്ങുന്നത്.ആദ്യമായിട്ട് റൈഡിങ്ങിന് വിട്ട ആന ഗണേശനും (ശംഭു) ആയിരുന്നു.നവീൻ ചേട്ടൻ ആനയെ നന്നായി പരിപാടിക്ക് കൊണ്ടുപോവുകയും പരിപാടിക്കുശേഷം റൈഡിങ്ങിന്  കൊണ്ടുപോകുകയും ചെയ്തു.ആർക്കും അറിയാത്ത ചില കാര്യങ്ങളുണ്ട് നവീൻ ചേട്ടന്റെ ചുമതലയിൽ മാമ്പി ആദ്യമായി ഒന്നാമനായി അഴിക്കുന്നത് ശംഭു ആനയെ ആണ്.വളരെ രസകരമായ ഒരു കഥയും ആ കൂട്ടുകെട്ടിൽ ഉണ്ടായിരുന്നു.ഒരു ഉത്സവ കാലത്തിനുശേഷം ഗണേശനെ മൂന്നാറിൽ റൈഡിങ്ങിന് കൊണ്ടുപോയി.മാമ്പി ആയിരുന്നു ആനക്കാരൻ.. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു കാട്ടാന -ആനയുടെ പേര് പറഞ്ഞാൽ ചിലർക്കെങ്കിലും അറിയാം,മൂന്നാർ പടയപ്പ- വരികയും ഗണേശനെ ആക്രമിക്കുകയും ചെയ്യുന്നു.ആക്രമണത്തിന് ഇടയിൽ ഗണേശന്റെ ഒരു ചെവിക്ക് പരിക്കേൽക്കുകയും ചെയ്തു.കെട്ടും തറയിൽ നിന്നിരുന്ന ഗണേശനു തിരിച്ച് ഒന്നും ചെയ്യാൻ പറ്റിയില്ല.അങ്ങനെ ഈ സംഭവത്തിനുശേഷം രാത്രിയിൽ വീണ്ടും പടയപ്പ എത്തി, ഇത് കണ്ടു കൊണ്ട് മാമ്പി ആനയുടെ ചങ്ങല അഴിച്ചു വിടുകയും,ഗണേശൻ തിരിച്ചു കുത്തുകയും ചെയ്യുന്നു.അങ്ങനെ കുത്ത് കൊണ്ട പടയപ്പ പേടിച്ചു പോവുകയും ഗണേശനെ അന്ന് തന്നെ കയറ്റി കൊണ്ട് വരികയും ചെയ്യുന്നു. ഗണേശന്റെ ചെവി പോയതിന് പിന്നിൽ ഉള്ള കഥ ഇതാണ്.പകരം കണ്ണെഴുത്ത് അനുപമ(തൃപ്പരപ്പ് അനുപമ)യെ റൈഡിങ് ന് വിടുകയും ചെയ്യുന്നു.അതിനുശേഷം 2011 ഗണേശനെ  പ്ലാത്തോട്ടം അപ്പച്ചന് കൊടുക്കുകയും അവിടുന്ന് ആന വവ്വാക്കാവിൽ  എത്തുകയും വവ്വക്കാവിൽ വെച്ച് ചരിയുകയും ചെയ്യുന്നു. 
‌                     ശംഭുവും മാംബിയും
     
                      തൃപ്പരപ്പ് അനുപമ

2011 തന്നെയാണ് അടുത്ത ഒരു ആനക്കായി തിരയുന്നത്.അങ്ങനെ മാറാടി സ്കറിയ ചേട്ടന്റെ കയ്യിൽ ഒരു ആന നിൽക്കുന്നു എന്ന് അറിയുകയും അതിനെ കാണാൻ പോവുകയും ചെയ്യുന്നു, അവിടെ രണ്ട് ആനകൾ ഉണ്ടായിരുന്നു.ഒന്ന് നീരിലായിരുന്നു രണ്ടാമത്തതിനെ വാഴക്കുളം മനോജ് ചേട്ടൻ ഒരു ചങ്ങല ബന്ധത്തിൽ പോലും ഇല്ലാതെ കൊണ്ടുനടക്കുകയും ചെയ്യുന്നു. അതുകണ്ട് ആനയെ ഇഷ്ടപ്പെടുകയും വാങ്ങുകയും ചെയ്യുന്നു.എ വി ടി ചന്ദ്രു എന്ന മാറാടി ചന്ദ്രു അങ്ങനെ ഗണേശൻ( അയനി കുളങ്ങര മഹാദേവൻ) ആയി.കണ്ട പോലുള്ള സ്വഭാവം ആയിരുന്നില്ല ആനക്ക്,ആനയുടെ സ്വഭാവം പ്രതീക്ഷിച്ചതിനേക്കാൾ മോശമായിരുന്നു. അതുകൊണ്ടുതന്നെ വളരെ കാലം ഒന്നും ആന തറവാട്ടിൽ നിന്നില്ല.പ്രതാപൻ ചേട്ടൻ അഴിച്ചതിനു ശേഷം ആലപ്പുഴ കളർകോട്  അമ്പലത്തിനടുത്ത് വെച്ച് ആന തെറ്റുകയും ആനയെ പിടിക്കാൻ ശ്രമിക്കുന്നതിനിടയിൽ അജയൻ ചേട്ടൻ മുന്നിൽ നിൽക്കുന്നതും ആയ ഒരു ചിത്രം അന്നത്തെ പത്രങ്ങളിൽ എല്ലാം പ്രസിദ്ധമായിരുന്നു. 
അതിനുശേഷം ആനയ്ക്ക് കളക്ടർ സ്റ്റേ അടിക്കുകയും,ആനയെ  വൈപ്പിൻ ഷാജിയും,കൊട്ടിയം അഭിലാഷും കൈകാര്യം ചെയ്യുകയും ചെയ്യുന്നു..പണിക്ക് അന്നും ഇന്നും വെല്ലാൻ ഒരു ആന ഇല്ല എന്ന് അത് തെളിയിച്ചു.10 ദിവസങ്ങൾ കൊണ്ട് 14 പണി ചെയ്യുന്ന ആന ആയിരുന്നു ചന്ദ്രു.ആനയുടെ സ്വഭാവത്തിലെ ഈ പ്രശ്നം കാരണം ആനയെ ഒരു കൊല്ലം പോലും തികച്ചും നിർത്താതെ കരിമണ്ണൂരിലേക്ക് കൈമാറ്റം ചെയ്യുന്നു, ആ വർഷം തന്നെ മൂന്നാർ ഗണേശൻ പാട്ടം ആയി തറവാട്ടിലേക്ക് എത്തുന്നു.ഒരു ഉത്സവകാലം ഗംഭീരം ആയി ആന പരിപാടി എടുത്തു,പിന്നെ വീണ്ടും സവാരി കാലത്തിലേക്ക് പോയി. 
                          എ വി ടി ചന്ദ്രു
                     മൂന്നാർ ഗണേശൻ 

       അതിനുശേഷം വന്ന ഗജവീരൻ ആണ് ചുള്ളിപ്പറമ്പിൽ അനിരുദ്ധൻ എന്ന പല്ലാരിമംഗലം കേശവൻ(തോട്ടാൻ കേശവൻ).പല്ലാരിമംഗലം അൻസാർ ഇക്കയുടെ കയ്യിൽ നിന്നാണ് ആനയെ വാങ്ങുന്നത്.ആനയെ ആദ്യം വൈപ്പിൻ ഷാജി അഴിക്കുകയും പിന്നീട് ബിനു ചേട്ടൻ അഴിക്കുകയും ചെയ്യുന്നു. മാന്യമായി പരിപാടിയും പണിയും ആന എടുത്തു.2014 ഇൽ വഴുവാടി ശ്രീകണ്ഠൻ ആനയെ പാട്ടം എടുക്കുകയും ചെയ്യുന്നു.ആ വർഷം അവസാനം വീട്ടിലെ കുറച്ചു പ്രശ്നങ്ങൾ കാരണം ആനയെ തോട്ടാൻ ബേബിക്ക് കൈമാറി.ഒരു തറവാട്ടിലെ ചങ്ങലകിലുക്കം അവിടെ അവസാനിക്കുക ആയിരുന്നു.
                     തോട്ടാൻ കേശവൻ
ആനയെ ഇഷ്ടപ്പെട്ട്‌ ആണ് വാങ്ങുന്നത് എന്നതിന് ഒരു ഉത്തമ ഉദാഹരണം ആരുന്നു അജയൻ ചേട്ടൻ.ഇനിയും നല്ല ഗജവീരന്മാർ എത്തും എന്ന പ്രതീക്ഷയോടെ,
          ഗജരാജാക്കന്മാർക്ക് വേണ്ടി : 
                        അഭിജിത്ത് എ പിള്ളൈ 
കടപ്പാട്/സമ്പാദനം : അരുൺ വാത്തുപറമ്പിൽ 
നന്ദി   : വിപിൻ രാജ് എസ് 
 

മറ്റൊരു വ്യത്യസ്ത ആനക്കഥയുമായി ഗജരാജാക്കന്മാർ നിങ്ങളുടെ മുന്നിലേക്ക് എത്തുന്നതായിരിക്കും....

Comments

Post a Comment

Popular posts from this blog

തടത്താവിള ആനത്തറവാട്

തടത്താവിള ആനതറവാട് ഭാഗം-2

വാത്തുപറമ്പിൽ ആനത്തറവാട് 1